അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോടതിയുടെ മെമ്മോ
എഴുത്തുകാരൻ വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിൽ എം എ ഷഹനാസിനെതിരെ ജാമ്യമില്ലാ വാറണ്ട്. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടർന്നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി കർശന നടപടി സ്വീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ബേപ്പൂർ എസ്എച്ച്ഓയ്ക്ക് കോടതി മെമ്മോ അയക്കുകയും ചെയ്തു.
2023-ൽ നടന്ന സംഭവത്തെത്തുടർന്നാണ് വി.ആർ. സുധീഷ് കോടതിയെ സമീപിച്ചത്. 2025 ജൂണിൽ ഷഹനാസിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഡിസംബർ 26-ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. എന്നാൽ, പ്രതി പൊലീസിന്റെ കണ്മുന്നിലുണ്ടായിട്ടും അറസ്റ്റ് നടപടികളിലേക്ക് നീങ്ങാത്ത സാഹചര്യത്തിലാണ് 2026 ഫെബ്രുവരി അഞ്ചിന് സിഐയ്ക്ക് കോടതി മെമ്മോ നൽകിയത്. കേസുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് വി.ആർ. സുധീഷ് വ്യക്തമാക്കി.
