കേരള സർക്കാരിന്റെ നേറ്റിവിറ്റി കാർഡ് ബില്ലിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കേരളം ഒരു രാജ്യമല്ല, മറിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്ന് സർക്കാർ ഓർക്കണമെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട രേഖകൾ നൽകാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം, വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കാനാണ് നേറ്റിവിറ്റി കാർഡ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഒരാൾ കേരളീയനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ കാർഡ്, വിവിധ സാമൂഹിക ആവശ്യങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾക്കും ആധികാരിക രേഖയായി ഉപയോഗിക്കാം.
