കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം അങ്ങേയറ്റം ഗൗരവമേറിയതാണെന്നും ഇത് നിസ്സാരമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് കോടതി കർശന നിർദേശം നൽകി. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം നീണ്ടുപോകുന്നതെന്നും ചോദിച്ചു. സംസ്ഥാനത്തിന്റെ ആവശ്യത്തെ അത്ര നിസാരമായി കാണാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ച്, മറുപടി നൽകുന്നതിൽ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസത്തെ രൂക്ഷമായി വിമർശിച്ചു.
സാധ്യതാപഠനത്തിന്റെ കാര്യത്തിൽ മറുപടി സമർപ്പിക്കാൻ കേന്ദ്രം നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേരളത്തിന്റെ ആവശ്യം അടിയന്തര പ്രാധാന്യമുള്ളതാണെന്നും അതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കൃത്യമായ മറുപടി നൽകണമെന്നും കോടതി ഉത്തരവിട്ടു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധി ഓൺലൈൻ വഴി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഭൂമിയാണ് കിനാലൂരിലേതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആവശ്യമായ സ്ഥലം ലഭ്യമാണെന്നും ഇനി കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. ഇതേത്തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കാസർകോട് ജില്ലയെയും എയിംസിനായുള്ള പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ കൂട്ടായ്മയുടെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഫെബ്രുവരി 25-നകം കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്നായിരുന്നു കോടതിയുടെ മുൻ ഉത്തരവ്.
