തിരുവനന്തപുരം: വാഹനത്തിന് പിഴയുണ്ടെന്ന വ്യാജ സന്ദേശമയച്ച് തിരുവനന്തപുരം കിളിമാനൂരിൽ വസ്ത്ര വ്യാപാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ കവർന്നു. കിളിമാനൂർ സ്വദേശി മുഹമ്മദ് അനസിനാണ് സൈബർ തട്ടിപ്പിലൂടെ 15,59,383 രൂപ നഷ്ടമായത്. മോട്ടോർ വാഹന വകുപ്പിന്റേതെന്ന വ്യാജേന വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് വിനയായത്.
ഫെബ്രുവരി ആദ്യവാരം അനസിന്റെ ഫോണിലേക്ക് മോട്ടോർ വാഹന വകുപ്പിന്റേതെന്ന പേരിൽ ഒരു സന്ദേശമെത്തി. വാഹനത്തിന് മൂന്ന് പെറ്റിയുണ്ടെന്നും ഉടൻ അടച്ചാൽ പിഴ ഒഴിവാക്കാമെന്നുമായിരുന്നു സന്ദേശം. ഇതിനൊപ്പമുള്ള ലിങ്കിൽ അനസ് ക്ലിക്ക് ചെയ്യുകയും വാഹന വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ബിസിനസ് ആവശ്യത്തിനായി അനസ് വിദേശത്തേക്ക് പോയ സമയത്ത് അദ്ദേഹത്തിന്റെ രണ്ട് മൊബൈൽ നമ്പറുകളുടെയും സിഗ്നൽ നഷ്ടമായി. നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സിം കാർഡുകൾ മറ്റാരോ പോർട്ട് ചെയ്തതായി അറിഞ്ഞത്.
ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിവിധ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപ അജ്ഞാത അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഉടമയുടെ ബയോമെട്രിക് വിവരങ്ങളില്ലാതെ മൊബൈൽ നമ്പർ എങ്ങനെ പോർട്ട് ചെയ്യാൻ സാധിച്ചു എന്നതിൽ ദുരൂഹതയുണ്ട്. അനസ് ഉപയോഗിച്ചിരുന്ന രണ്ട് സിമ്മുകളിൽ ഒരെണ്ണം പോർട്ട് ചെയ്യുന്നത് തടയാനായതിനാൽ കൂടുതൽ തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
