നാദാപുരം: 13 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും, 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിയായ നൊച്ചാട് മുളിയങ്ങൽ സ്വദേശി മുഹമ്മദ് റെയ്ഹാൻ (41) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് മാസം 14, 19 തീയതികളിൽ അതിജീവിതയുടെ വീട്ടിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും, കുട്ടിയുടെ മൊഴി സ്കൂളിൽ വച്ച് പൊലീസ് രേഖപ്പെടുത്തുകയുമായിരുന്നു. ഹോട്ടൽ തൊഴിലാളിയായ പ്രതി പരുക്ക് പറ്റി ചികിത്സയിൽ പോയിരുന്ന സമയത്താണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത്.
പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ വകുപ്പുകളും ചേർത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2024 ഫെബ്രുവരി 28-ാം തീയതി മുതൽ പ്രതി വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.
