സ്വർണം പണയം വെച്ചാൽ പോലും വായ്പ നൽകരുതെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കെ.എസ്.ആർ.ടി.സി. കരകയറിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കൊട്ടാരക്കരയിലെ ആധുനിക കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്കിന്റെ മാനദണ്ഡപ്രകാരം ഏറ്റവും താഴ്ന്ന ‘ഡി’ കാറ്റഗറിയിൽ നിന്നും ‘ബി’ കാറ്റഗറിയിലേക്ക് സ്ഥാപനം ഉയർന്നെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. അധികാരമേൽക്കുമ്പോൾ നൽകിയ വാഗ്ദാന പ്രകാരം ഒന്നാം തീയതി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കുന്നുണ്ടെന്നും, മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സഹായത്തോടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കെ.എസ്.ആർ.ടി.സി. കേരളത്തിന്റെ അഭിമാന ബ്രാൻഡാണെന്നും തകർച്ചയിൽ നിന്ന് സ്ഥാപനം വിജയകരമായി തിരിച്ചുവന്നുവെന്നും അഭിപ്രായപ്പെട്ടു. മാനേജിങ് ഡയറക്ടർ ഡോ. പി.എസ്.പ്രമോദ് ശങ്കർ, നഗരസഭാധ്യക്ഷ അനിതാ ഗോപകുമാർ, ഉപാധ്യക്ഷൻ എ. ഷാജു, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, കെ.എസ്.ആർ.ടി.സി. സി.എ.ഒ. ഷാജി, എക്‌സി. ഡയറക്ടർമാരായ ജി.പി. പ്രദീപ്കുമാർ, പി.എം. ഷറഫ് മുഹമ്മദ്, എ.ടി.ഒ. എ. അബ്ദുൽ നിഷാർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
