വടക്കുകിഴക്കൻ ബെംഗളൂരുവിലെ ദേവനഹള്ളിയിലുള്ള സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തിൽ സ്കൂൾ ഉടമയെയും പീഡനത്തിന് ഒത്താശ ചെയ്ത ഭാര്യയെയും സ്കൂൾ പ്രിൻസിപ്പാളിനെയും പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിയും മാതാപിതാക്കളും നൽകിയ പരാതിയിലാണ് നടപടി.

പെൺകുട്ടിയുടെ പരാതി പ്രകാരം എട്ടു ദിവസത്തോളമാണ് പ്രതി വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. ഒരു രാത്രിയിൽ വാർഡന്റെ ഓഫീസിലേക്ക് എന്ന് പറഞ്ഞ് വിളിപ്പിക്കുകയും തുടർന്ന് മദ്യപിച്ചെത്തിയ ഉടമ തന്റെ മുറിയിൽ വെച്ച് ഉപദ്രവിക്കുകയുമായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ പെൺകുട്ടി ഈ വിവരം ഉടമയുടെ ഭാര്യയെയും പ്രിൻസിപ്പാളിനെയും അറിയിച്ചു. എന്നാൽ ഇന്നത്തെ കാലത്ത് ഇതെല്ലാം സാധാരണമാണ് എന്ന് പറഞ്ഞ് അവർ അവഗണിക്കുകയായിരുന്നു എന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

പരാതി ലഭിച്ച ഉടൻ തന്നെ സ്കൂൾ ഉടമയെ പോലീസ് പിടികൂടി. പീഡനവിവരം മറച്ചുവെച്ചതിനും കുറ്റവാളിയെ സഹായിച്ചതിനുമാണ് ഭാര്യയെയും പ്രിൻസിപ്പാളിനെയും അറസ്റ്റ് ചെയ്തത്. 600-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ 150-ഓളം പെൺകുട്ടികളുണ്ട്. സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കും സമാനമായ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *