പാലക്കാട് സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി കെ ശശിക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ. സുരേഷ് ബാബു വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ആരോപണങ്ങളിൽ നിയമപരമായ നീക്കങ്ങൾ നടത്തുമെന്നും ഇക്കാര്യത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകിപ്പോയി എന്ന് കരുതുന്നില്ലെന്നും ഒരു കമ്യൂണിസ്റ്റ് പാർട്ടിയിൽ അച്ചടക്ക നടപടിയുടെ ഏറ്റവും അവസാന ഘട്ടമാണ് പുറത്താക്കലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സ്പിരിറ്റ്’ എന്ന വാക്കുപയോഗിച്ച് തന്നെ എത്ര വ്യക്തിപരമായി അധിക്ഷേപിച്ചാലും അത് തന്റെ പൊതുജീവിതത്തെ ബാധിക്കില്ലെന്നും തന്റെ ജീവിതം ജനങ്ങൾക്ക് അറിയാവുന്നതാണെന്നും സുരേഷ് ബാബു പ്രതികരിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള തെളിവുകൾ പുറത്തുവിടാൻ തയ്യാറാകണം. പി.കെ. കുഞ്ഞാലിക്കുട്ടിയും അടൂർ പ്രകാശും വി ഡി സതീശനും പി കെ ശശിയുടെ തീവ്രത അളക്കട്ടെ എന്നും അത് രാഹുൽ മാങ്കൂട്ടത്തിന്റെ മുകളിൽ വരുമോ എന്ന് അപ്പോൾ അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. തെറ്റുകൾ തിരുത്താൻ പാർട്ടി തലത്തിലുള്ള നടപടികളാണ് സ്വീകരിക്കാറുള്ളതെന്നും അല്ലാതെ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയല്ല ചെയ്യുന്നതെന്നും സുരേഷ് ബാബു വ്യക്തമാക്കി.
സ്വയം നശിക്കണമെന്ന വാശിയിൽ ഒരാൾ മുന്നോട്ടുപോയാൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും എന്നാൽ പാർട്ടി വിട്ട ശശിക്ക് തിരിച്ചുവരാനുള്ള അവസരം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്തെ സിഐടിയു സമ്മേളന വേദിയിൽ വെച്ച് ശശിയുടെ ആവശ്യപ്രകാരം സംസാരിച്ചപ്പോൾ പാർട്ടി വിടില്ലെന്നാണ് തോന്നിയതെന്നും പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും സുരേഷ് ബാബു പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
