സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് വലിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം പവന് 1,840 രൂപ വർധിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരം (1,20,000) രൂപയിലെത്തി. ഗ്രാമിന് 230 രൂപയുടെ വർധനവോടെ 15,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതുപോലെ തന്നെ 24 കാരറ്റ് സ്വർണത്തിന്റെ വിലയിലും വൻ കുതിച്ചുചാട്ടമുണ്ടായി. പവന് 2,008 രൂപ വർധിച്ച് 1,30,912 രൂപയായും ഗ്രാമിന് 16,364 രൂപയായും വില ഉയർന്നു.
സ്വർണവില കുതിച്ചുയർന്നപ്പോൾ വെള്ളിവിലയിൽ നേരിയ കുറവാണ് ദൃശ്യമായത്. ഗ്രാമിന് വെറും 10 പൈസ മാത്രം കുറഞ്ഞ് 289.90 രൂപയിലാണ് ഇന്നത്തെ വിൽപന. 10 ഗ്രാം വെള്ളിക്ക് ഒരു രൂപയുടെ കുറവോടെ 2,899 രൂപയാണ് നിലവിലെ നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഡോളറിന്റെ മൂല്യത്തെ ബാധിക്കുമെന്നും ഇത് സ്വർണവിലയിൽ വലിയ വർധനമുണ്ടാക്കുമെന്നും നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ റെക്കോർഡ് വില. ഇതിനുശേഷം ഫെബ്രുവരി ആദ്യവാരത്തിൽ വിലയിൽ വലിയ ഇടിവ് സംഭവിച്ചെങ്കിലും യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടരുകയാണ്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിപണി സൂചിപ്പിക്കുന്നത്.
