ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് തിരിച്ചടി. വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കൊല്ലം വിജിലൻസ് കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യത്തിന് അപേക്ഷിച്ചതെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ പാളി കേസ് എന്നിവയിലാണ് വിജയകുമാർ നിലവിൽ പ്രതിയായിട്ടുള്ളത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണ് താൻ രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നുമാണ് വിജയകുമാർ കോടതിയിൽ വാദിച്ചത്. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്. ശബരിമലയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട ഗൗരവകരമായ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കോടതി നടപടി.
