എന്‍സിഇആര്‍ടിയുടെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന വിവാദ പാഠഭാഗം തയ്യാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയാറാക്കിയവരെ കരിക്കുലം സമിതിയില്‍ നിന്ന് അടിയന്തരമായി പുറത്താക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊഫസര്‍ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപര്‍ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക് പ്രസന്ന കുമാര്‍ എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. പാഠ്യപദ്ധതി തയാറാക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.

എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിലായിരുന്നു ജുഡീഷ്യറിയിലെ അഴിമതി എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭാവിയില്‍ പാഠപുസ്തകം തയ്യാറാക്കുന്നതിന് ഇവര്‍ അര്‍ഹരല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങള്‍ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് എന്‍സിഇആര്‍ടിയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത സുപ്രീംകോടതിയില്‍ പറഞ്ഞു. വിദഗ്ധ സമിതി കരിക്കുലം പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. പാഠ ഭാഗങ്ങള്‍ പുനഃപരിശോധിക്കാന്‍ എന്‍സിഇആര്‍ടിയോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രം തന്നെ ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയാണെങ്കില്‍ അത് അഭിനന്ദനാര്‍ഹമായ തീരുമാനമായിരിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.

നേരത്തെ എട്ടാം ക്ലാസ് പാഠ പുസ്തകത്തില്‍ ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന പാഠ ഭാഗം ഉള്‍പ്പെടുത്തിയതിന് എന്‍സിഇആര്‍ടി ക്ഷമാപണം നടത്തുകയും പാഠ പുസ്തകം പിന്‍വലിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *