ആലപ്പുഴ: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍. സ്വാമി സച്ചിദാനന്ദ അൽപനും പമ്പര വിഡ്ഢിയുമാണെന്നും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം.

സച്ചിദാനന്ദ സ്വന്തം നിലയില്‍ എഴുതിക്കൊടുത്തതാണ് ആ ലിസ്റ്റ്. സച്ചിദാനന്ദ സ്വാമിയല്ല, ആസാമിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായി നടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലേക്ക് 18 പേരെ നിര്‍ദേശിച്ചതായി കഴിഞ്ഞ ദിവസം സച്ചിദാനന്ദ പറഞ്ഞിരുന്നു. പിന്നാക്ക വിഭാഗത്തിലെ പ്രമുഖരായ കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും സച്ചിദാനന്ദ പറഞ്ഞിരുന്നു.

പിന്നാക്കക്കാര്‍ക്ക് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ സിപിഐഎമ്മും കോണ്‍ഗ്രസും നല്‍കുന്നില്ലെന്ന വിമര്‍ശനവും സച്ചിദാനന്ദ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളെ കണ്ടത്. യുഡിഎഫ് സുധാകരന് പിന്തുണ പ്രഖ്യാപിക്കുന്നതില്‍ താന്‍ പ്രതികരിക്കാനില്ല. സുധാകരന്‍ ആരുടെയും പിന്തുണ തേടി പോകില്ല. പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *