തിരുവനന്തപുരം: യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിലാദ്യമായി 48 മണിക്കൂർ കൊണ്ട് 95 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുമെന്ന് വിഡി സതീശന് പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലി മാധ്യമങ്ങൾ വാർത്തയാക്കുന്ന തരത്തിലുള്ള തർക്കങ്ങൾ മുന്നണിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ എത്തുന്നതിലെ സാങ്കേതികമായ അസൗകര്യം കാരണമാണ് പട്ടിക പുറത്തിറക്കാൻ വൈകിയത്. സ്ഥാനാർത്ഥികളെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഒരു വിസ്മയം കാത്തുവെച്ചാണ് പ്രഖ്യാപനം നീട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
സിപിഐഎം വലിയ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് സതീശൻ ആരോപിച്ചു. കേഡർ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎമ്മിൽ മുതിർന്ന നേതാക്കൾ തന്നെ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. എൽഡിഎഫിൽ ഇനിയും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ത് വർഷത്തെ ഭരണത്തിന് ശേഷം സിപിഐഎം കൂപ്പുകുത്താൻ പോവുകയാണ്.
ഈ സർക്കാരിനെ ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും വി ഡി സതീശൻ പറഞ്ഞു. ഒരു അപസ്വരവുമില്ലാതെ ടീം യുഡിഎഫ് 140 സീറ്റുകളും പങ്കിട്ടെടുത്തു കഴിഞ്ഞു. സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
