തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ വൻനിര തന്നെ അണിനിരക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് തവണ വീതം സംസ്ഥാനത്തെത്തുമെന്നതാണ് പ്രധാന ആകർഷണം. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ സന്ദർശനം നടത്തും. സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണ വേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നേരിട്ടെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും, കാസർകോട് ഡൽഹി മുഖ്യമന്ത്രിയും (ബിജെപി പ്രതിനിധി), കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രിയും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഗോവ മുഖ്യമന്ത്രിയായിരിക്കും പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി നേതൃത്വം. മൂന്നാം പട്ടിക ഉടൻ പുറത്തിറങ്ങും. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ളത്. ഇതിൽ തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര തുടങ്ങിയ ശ്രദ്ധേയമായ മണ്ഡലങ്ങൾ ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ എൻഡിഎയുടെ പ്രചാരണം കൂടുതൽ ശക്തമാകും.
