തൃശൂർ: തിരുവനന്തപുരത്ത് കെ. മുരളീധരനെ സ്വന്തം പാർട്ടിയിൽ തന്നെ കാലുവാരുന്നവര്‍ ഉണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. കെ. കരുണാകരന്റെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും, അത് ആർക്കും പൂർണ്ണമായി കൊണ്ടുപോകാനാകില്ലെന്നും പത്മജ വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്നും പത്മജ ആവശ്യപ്പെട്ടു. മുൻപ് യുഡിഎഫ് അധികാരത്തിലിരുന്നപ്പോൾ ഇതിന് തയ്യാറാകാതിരുന്നത് കരുണാകരന്റെ മക്കൾക്ക് അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന് ഭയന്നാണെന്നും അവർ ആരോപിച്ചു. തൃശൂരിലെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികൾ ഇത്തവണ ഉണ്ടാകില്ലെന്നും അച്ഛന്റെ പേരിൽ മണ്ഡലത്തിൽ എന്തെങ്കിലും വലിയ പദ്ധതികൾ തുടങ്ങണമെന്നാണ് ആഗ്രഹമെന്നും പത്മജ കൂട്ടിച്ചേർത്തു.
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും ഇതിനോടകം പുറത്തുവന്നു. 39 പേരുടെ പട്ടികയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. കോൺഗ്രസിൽ നിന്നെത്തിയ എം.ജെ. ജോബ് ആലപ്പുഴയിലും, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും ജനവിധി തേടും. സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സി.സി. മുകുന്ദൻ നാട്ടികയിലാണ് എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്. തിരുവനന്തപുരം സെൻട്രൽ ഉൾപ്പെടെയുള്ള ഏതാനും മണ്ഡലങ്ങളിലെ പ്രഖ്യാപനം ഇനിയും വരാനുണ്ട്.
