യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയം വളരെ വേഗത്തിലും സമാധാനപരമായും പൂർത്തിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ‘നുണ ബോംബുകൾ’ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ ഇരുന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പോലെയല്ല കോൺഗ്രസിലെ നടപടിക്രമങ്ങളെന്നും, കൃത്യമായ ചർച്ചകളിലൂടെയും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശ പ്രകാരവുമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിഞ്ഞത് ടീം യുഡിഎഫിന്റെ വിജയമാണെന്നും സതീശൻ അവകാശപ്പെട്ടു.
നേതൃത്വം തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കെ. സുധാകരനും അടൂർ പ്രകാശും മത്സരിക്കുമെന്ന് വാർത്തകൾ നൽകിയ മാധ്യമങ്ങളുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ക്രൂരത കാണിക്കരുതെന്നും മാധ്യമങ്ങൾ മാന്യത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും നുണപ്രചാരണങ്ങൾ കൊണ്ട് യുഡിഎഫിനെ തോൽപ്പിക്കാനാവില്ലെന്നും വി.ഡി. സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.
