തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയുടെ പ്രചാരണ പരിപാടികളിൽ ആന്റണി രാജുവിന്റെ അസാന്നിധ്യം ചർച്ചയായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സുധീർ കരമന രംഗത്ത്. ആന്റണി രാജുവിന് തന്നോട് യാതൊരു പരിഭവവുമില്ലെന്നും തങ്ങൾ നേരിട്ട് കണ്ട് സംസാരിച്ചതാണെന്നും സുധീർ കരമന വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് എത്തുന്നതിലുള്ള അസൗകര്യം ആന്റണി രാജു നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം തനിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നേരിട്ട് വരുന്നതിനേക്കാൾ വലിയ സ്വാധീനം ഇത്തരം വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കില്ലേ എന്നും സുധീർ കരമന ചോദിച്ചു.
