തലശ്ശേരി: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീയുടെ കൊലപാതകത്തിൽ ജില്ലാ സെഷൻസ് കോടതി ഈ മാസം 28-ന് വിധി പ്രസ്താവിക്കും. കരിവെള്ളൂർ സ്വദേശിയായ ദിവ്യശ്രീയെ ഭർത്താവ് കെ. രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുൻപാകെ കേസിലെ വാദങ്ങൾ പൂർത്തിയായി.

കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ഇത്തരത്തിൽ കോടതിയിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത് അപൂർവമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ചൂണ്ടിക്കാട്ടി. 102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിചാരണ വേളയിൽ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചു.

2024 നവംബർ 21-നാണ് സംഭവം നടന്നത്. കാസർകോട് ചന്തേര പോലീസ് സ്റ്റേഷനിൽ സി.പി.ഒ ആയിരുന്ന ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. വിവാഹമോചന കേസിൽ സംഭവദിവസം രാവിലെ കണ്ണൂർ കുടുംബ കോടതിയിൽ ഹാജരായ ദിവ്യശ്രീ, ഭർത്താവുമായി ചേർന്നുപോകാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ദിവ്യശ്രീയുടെ വീട്ടിലെത്തിയ പ്രതി പെട്രോൾ ഒഴിച്ച ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് വാസുവിനും പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *