കായംകുളം: എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് വിവാദ പ്രസ്താവന നടത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സംഭവം.

“വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ടാണ് യു. പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്” എന്നായിരുന്നു ഇർഷാദിന്റെ പ്രസംഗം. കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്ത വേദിയിലാണ് പരസ്യമായ ഈ അധിക്ഷേപം നടന്നത്. മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നില്ലെന്ന് വിമർശിക്കുന്നതിനിടയിലാണ് ഇർഷാദ് വ്യക്തിപരമായ കടന്നാക്രമണത്തിലേക്ക് കടന്നത്. എംഎൽഎയുടെ മകനെതിരെയുള്ള കേസുകളെക്കുറിച്ചും ഇയാൾ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

സംഭവത്തിൽ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ യുഡിഎഫ് നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *