കൽപ്പറ്റ: വയനാട് പഴമുടിയിലെ സ്വകാര്യ റിസോർട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലഹരിമരുന്നുമായി നടത്തിപ്പുകാരൻ പിടിയിലായി. അമ്പിലേരി റീമാ കോട്ടേജ് കെ ഷൈജൽ (43) ആണ് കൽപ്പറ്റ പോലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും വലയിലായത്. ഇയാൾ നടത്തിവരുന്ന ഫ്രീബേഡ് റിസോർട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
ഷൈജലിന്റെ വസ്ത്രത്തിനുള്ളിലെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു 0.62 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത്. കൂടാതെ 6.63 ഗ്രാം കഞ്ചാവും ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന അരലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ വിമൽ ചന്ദ്രൻ, സജി ഷിനോബ്, എഎസ്ഐ ജിജി മോൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പിടിയിലായ ഷൈജൽ നേരത്തെയും സമാനമായ കേസിൽ പ്രതിയാണ്. 2025 ജൂണിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 76.44 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായിരുന്നു. ജാമ്യത്തിലിരിക്കെയാണ് വീണ്ടും ലഹരി കച്ചവടം തുടർന്നത്.
