കായംകുളത്തെ ഇടത് സ്ഥാനാർഥി യു പ്രതിഭയ്ക്ക് എതിരായ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയെ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്. അവൾക്കൊപ്പം എന്ന് ആവർത്തിക്കുന്ന പ്രതിപക്ഷത്തിന്റെ കാപട്യമാണ് തുറന്നുകാട്ടപ്പെടുന്നത്. ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണം അല്ല ഇത്. പൊതുരംഗത്തെ മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കായംകുളത്ത് യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് ആണ് അധിക്ഷേപ പരാമർശം നടത്തിയത്. കായംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് പ്രതിഭയുടെ ശരീര ഭംഗിയെയും സംസാരിക്കാനുള്ള കഴിവിനെയും വളരെ മോശമായ രീതിയിൽ ചിത്രീകരിച്ചുകൊണ്ടാണ് ഇർഷാദ് സംസാരിച്ചത്.
ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഉയരുന്നത്.
