എൽപിജി ക്ഷാമത്തിന്റെ പേരിൽ റെസ്റ്ററന്റുകൾ ഭക്ഷണ ബില്ലിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ ചില ഹോട്ടലുകൾ അധിക തുക ഈടാക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. നേരത്തെ കേന്ദ്രം വിലക്കിയ സർവീസ് ചാർജിന് സമാനമാണ് ഇത്തരം നിയമവിരുദ്ധമായ അധിക ചാർജുകളെന്നും അതോറിറ്റി വിലയിരുത്തി.
ബില്ലിൽ ഇത്തരം ചാർജുകൾ കണ്ടാൽ അത് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാവുന്നതാണ്. ഹോട്ടലുകൾ അധിക തുക നൽകാൻ നിർബന്ധിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് 1951 എന്ന നമ്പറിൽ വിളിച്ച് പരാതി രേഖപ്പെടുത്താം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
