കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ‘ജെൻ സി’ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റിൽ. പുതിയ പ്രധാനമന്ത്രിയായി ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായത്.
ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ഒലിയെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ സോഷ്യൽ മീഡിയ നിരോധനത്തെത്തുടർന്ന് ആരംഭിച്ച അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിൽ 19 യുവാക്കളടക്കം 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി പടരുകയും സർക്കാർ ഓഫീസുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതിനെത്തുടർന്നാണ് അന്ന് ശർമ്മ ഒലിയുടെ സർക്കാർ തകർന്നത്.
പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ ക്രിമിനൽ അശ്രദ്ധ കാണിച്ചതിനും, നരഹത്യയുമായി ബന്ധപ്പെട്ട കേസിലുമാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രക്ഷോഭത്തിനിടെ നടന്ന വെടിവെപ്പ് തടയാൻ ശ്രമിച്ചില്ലെന്നും ഉന്നത പദവികളിൽ ഇരുന്നവരുടെ അശ്രദ്ധ മൂലം പ്രായപൂർത്തിയാകാത്തവർക്ക് പോലും ജീവൻ നഷ്ടപ്പെട്ടുവെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് 10 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.
