തൃശൂർ: ഗുരുവായൂരിൽ വീണ്ടും വർഗീയ നീക്കവുമായി ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ്ലീം നാമധാരികളായ ഗുരുവായൂർ എംഎൽഎമാരുടെ പേരുകൾ ഉള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ബിജെപി സ്ഥാനാർഥി. 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലക്സിലുള്ളത്.
വർഗീയ പ്രചാരണം നടത്തിയതിന് വിചാരണ നേരിടുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ വീണ്ടും വർഗീയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ‘ഹിന്ദു എംഎൽഎ’ വേണമെന്ന പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുസെടുത്തിരുന്നു. ഈ വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. പരാമർശം ഗൗരവതരമാണെന്നും രാജ്യത്തിനും സമൂഹത്തിനുമുണ്ടായ ആഘാതം എങ്ങനെ മറികടക്കുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണെന്നും സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തെന്നും ഹൈക്കോടതി ചോദിച്ചു.
