തൃശ്ശൂർ: മുൻ മേയർ എം കെ വർഗ്ഗീസ് രാഷ്ട്രീയ നിലപാട് മാറ്റി കോൺഗ്രസിലേക്ക് മടങ്ങുന്നു. ഇടതുപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ച അദ്ദേഹം, യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉടൻ തന്നെ രാജൻ പല്ലൻ എം കെ വർഗ്ഗീസിനെ വീട്ടിലെത്തി കാണും.
ഞാൻ എന്റെ പഴയ തറവാട്ടിലേക്ക് മടങ്ങുകയാണ്. ഇത്തവണ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാഹചര്യമാണുള്ളത്. സ്വതന്ത്രനായി മത്സരിച്ചപ്പോൾ തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി ഇടതുപക്ഷത്തെ പിന്തുണച്ചു എന്നത് സത്യമാണ്. ആ ഒരു ഭരണപരമായ ബന്ധം മാത്രമാണ് എൽ.ഡി.എഫുമായി ഉണ്ടായിരുന്നത് വി പറഞ്ഞു.
കോൺഗ്രസിൽ നിന്ന് യാതൊരുവിധ വാഗ്ദാനങ്ങളും താൻ സ്വീകരിച്ചിട്ടില്ലെന്നും സജീവ പ്രവർത്തനരംഗത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ വികാരാധീനനായി എടുത്ത തീരുമാനമായിരുന്നു കോൺഗ്രസ് വിടുക എന്നത്. എന്നാൽ ഇപ്പോൾ ആ പഴയ കാര്യങ്ങൾ മറന്ന് തിരികെ വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് നെട്ടിശ്ശേരിയിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചാണ് വർഗ്ഗീസ് വിജയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും 24 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ എം.കെ. വർഗ്ഗീസിന്റെ ഒരു വോട്ട് നിർണ്ണായകമായി. വർഗ്ഗീസിനെ മേയറാക്കാമെന്ന ഉറപ്പിന്മേൽ എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു.
