കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളം കൈവരിച്ച സമാനതകളില്ലാത്ത പുരോഗതിയുടെ തുടർച്ച ലക്ഷ്യമിട്ടുള്ള 60 ഇന പരിപാടിയും 950 നിർദേശങ്ങളുമാണ് എൽഡിഎഫ് പ്രകടനപത്രികയിലുള്ളത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ആരോഗ്യ-ക്ഷേമ മേഖലകൾക്കും ഊന്നൽ നൽകുന്നതാണ് പ്രഖ്യാപനങ്ങൾ.
സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്നതാണ് പ്രകടനപത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി ഉറപ്പാക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ അധ്യയന വർഷം തന്നെ 60,000 കുട്ടികൾക്ക് ജോലി നൽകും. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾ തുടങ്ങുന്ന സംരംഭങ്ങൾക്ക് പലിശരഹിത വായ്പയും 50 ശതമാനം സ്ത്രീകൾക്ക് തൊഴിലും ഉറപ്പുനൽകുന്നുണ്ട്.
ആരോഗ്യ മേഖലയിൽ കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയും ക്യാമ്പസ് പ്ലേസ്മെന്റുകൾ വർധിപ്പിക്കാനുള്ള നീക്കങ്ങളും എൽഡിഎഫ് വിഭാവനം ചെയ്യുന്നു. വിവാദമായ കെ-റെയിൽ ഉൾപ്പെടെയുള്ള അതിവേഗ തെക്ക്-വടക്ക് റെയിൽപാതയ്ക്കായുള്ള ശ്രമങ്ങൾ തുടരുമെന്നും വികസനരേഖയിൽ പറയുന്നു.
