തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയുടെ കണക്ക് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പുനരധിവാസത്തിനായി ഇനിയും തുക വേണ്ടി വരുമെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.
പിരിച്ച തുകയേക്കാൾ കൂടുതൽ ഇതിനായി ചെലവാക്കേണ്ടി വരും. സർക്കാരിനെപ്പോലെ പണം ബാക്കി വരില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോൺഗ്രസ് പിരിച്ച പണം മുഴുവൻ കെപിസിസിയുടെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് സ്വീകരിച്ചത്. അക്കൗണ്ട് വഴി അല്ലാതെ ഒരു രൂപ പോലും പാർട്ടി പിരിച്ചിട്ടില്ല. ഈ അക്കൗണ്ടുകൾ പരിശോധിക്കാനും ജനങ്ങൾക്ക് കണക്ക് നൽകാനും പാർട്ടിക്ക് യാതൊരു മടിയുമില്ല എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കാട്ടാക്കട നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം ആർ ബൈജുവിൻ്റെ പ്രചാരണത്തിനിടെയായിരുന്നു ഷാഫിയുടെ പ്രതികരണം.
