വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും അന്തിമഘട്ട തയാറെടുപ്പുകള്‍ നടത്തുന്നതിനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഹോം വോട്ടിങ്, ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കും അവശ്യ സേവന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ വോട്ടിങ് എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി.
ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്കി. ഏപ്രില്‍ 7ന് നടക്കുന്ന സ്ഥാനാര്‍ഥികളുടെ കൊട്ടിക്കലാശം സമാധാനപരമായി പൂര്‍ത്തീകരിക്കാന്‍ സ്ഥാനാര്‍ഥികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്കി. പോളിങ് സ്റ്റേഷനുകളില്‍ ഹരിതചട്ടം നടപ്പാക്കല്‍, വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ട് ചെയ്യാന്‍ ആവശ്യമായ വാഹനം, വോളണ്ടിയര്‍, വീല്‍ചെയര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, എ.ഡി.എം പി അഖില്‍, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി സുപിന്, നോഡല്‍ ഓഫീസര്‍മാര്‍, വരണാധികാരികള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
