പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം.ബി. രാജേഷ്. സാമൂഹിക മാധ്യമങ്ങളിലൂടെ അതിരുവിട്ട വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളിൽ കുടുംബത്തെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു. ഭാര്യയുടെ ചിത്രം ഉൾപ്പെടുത്തി വാട്‌സ്ആപ്പ് വഴി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സരസ് മേളയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപവാദ പ്രചാരണങ്ങളെ നേരിടാൻ ഏഴംഗ ഐടി വിദഗ്ധരെയും അഞ്ചംഗ അഭിഭാഷക സംഘത്തെയും നിയോഗിച്ചതായി മന്ത്രി അറിയിച്ചു. ഒരു പൊതുപ്രവർത്തകൻ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടായിരിക്കും. സോഷ്യൽ മീഡിയയിലെ അപവാദങ്ങൾ ഐടി സംഘം തത്സമയം നിരീക്ഷിക്കും. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടാലുടൻ അഭിഭാഷക സംഘം നിയമനടപടികൾ സ്വീകരിക്കും. മുസ്ലിം ലീഗ് സൈബർ സംഘങ്ങളാണ് ഇത്തരം ഒളിപ്പോരുകൾക്ക് നേതൃത്വം നൽകുന്നതെന്നും നേരിട്ടുള്ള സംവാദത്തിന് തയ്യാറാകാതെ സൈബർ അധിക്ഷേപം നടത്തുന്നത് പ്രതിഷേധാർഹമാണെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *