ന്യൂഡൽഹി ∙ കേരളത്തിനു പുറമെ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം അസമിൽ 38.92 % പുതുച്ചേരിയിൽ 37.06% എന്നിങ്ങനെയാണ് പോളിങ് ശതമാനം.
അസമിൽ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഭരണകക്ഷിയായ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോൾ, 2016 ലെ പരാജയത്തിനു ശേഷം അധികാരം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 722 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ മിക്ക പോളിങ് സ്റ്റേഷനുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. 1.25 കോടി സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 2.5 കോടി വോട്ടർമാരാണ് 31,490 പോളിംഗ് സ്റ്റേഷനുകളിലായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. ഇവരെക്കൂടാതെ വിവിധ പാർട്ടി നേതാക്കളും സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
പുതുച്ചേരിയിലെ 33 അംഗ നിയമസഭയിൽ (30 തിരഞ്ഞെടുക്കപ്പെട്ട സീറ്റുകൾ) മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി – ബി.ജെ.പി സഖ്യം (എൻഡിഎ), കോൺഗ്രസ് – ഡിഎംകെ സഖ്യവുമായി ശക്തമായ മത്സരമാണ് നേരിടുന്നത്. രംഗസാമിയും മുൻ മുഖ്യമന്ത്രി വി. വൈത്തിലിംഗവും ഏറ്റുമുട്ടുന്ന തട്ടഞ്ചാവടി മണ്ഡലത്തിലാണ് ഏവരുടെയും ശ്രദ്ധ. ദീർഘകാലമായുള്ള സംസ്ഥാന പദവി എന്ന ആവശ്യം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, 30-ൽ 23 സീറ്റുകളുള്ള പുതുച്ചേരി ജില്ലയിലെ കുടിവെള്ള മലിനീകരണം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ.
നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഈ തിരഞ്ഞെടുപ്പിലെ ഒരു നിർണായക ഘടകമാണ്. ടിവികെയുടെ ജനപ്രീതി ഫലങ്ങളെ അപ്രതീക്ഷിതമായി സ്വാധീനിച്ചേക്കാം. ഇരു മുന്നണികളിലെയും പ്രമുഖ നേതാക്കൾ തീവ്രമായ പ്രചാരണത്തിലായിരുന്നു. പോളിങ് കനക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
