ചെന്നൈ: വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം നൽകിയ ഹർജി പരിഗണിക്കുന്നത് ജൂൺ 15ലേക്ക് മാറ്റി ചെങ്കൽപ്പെട്ട് കുടുംബ കോടതി. ഇരു കക്ഷികളും കോടതിയിൽ ഹാജരായി തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ, ജൂൺ 15ന് നടക്കുന്ന വിചാരണയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

വിജയ്‌‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് വിവാഹമോചന ഹർജിയിൽ സംഗീത പറയുന്നത്. ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് ഉറപ്പു നൽകി. എന്നിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ വിജയ് അത് തുടർന്നു. തുടർന്ന്, വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചുവെന്നുമാണ് സംഗീതയുടെ ആരോപണം. ഈ വിഷയത്തിൽ വിജയ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, ഒരു വലിയ തുക സംഗീത ജീവനാംശമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ വിജയ് വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി 250 കോടി രൂപ സെറ്റിൽമെന്റായി നൽകണമെന്നും, മകനും മകൾക്കും പ്രത്യേക സെറ്റിൽമെന്റ് തുക നൽകണമെന്നും സംഗീത ആവശ്യപ്പെട്ടതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *