തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുന്നതിനിടെ, വോട്ടെണ്ണൽ പൂർത്തിയാകാതെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കർശന നിർദേശം. സീൽ ചെയ്ത സ്ട്രോങ്ങ് റൂമുകൾക്ക് പുറമെ, സീൽ ചെയ്യാത്ത മുറികൾ പോലും തുറക്കാൻ പാടില്ലെന്നാണ് ഉത്തരവ്. കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് നെന്മാറയിലും സ്ട്രോങ്ങ് റൂം വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാൽ തുറക്കാൻ തീരുമാനിച്ചത് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച മുറിയല്ലെന്നും, തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ ‘മെറ്റീരിയൽ സ്ട്രോങ്ങ് റൂം’ ആണെന്നും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിശദീകരിച്ചു. വെബ്സൈറ്റിൽ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഫോം 17 A എടുക്കാനായിരുന്നു ഈ നീക്കം. വിവാദമായതോടെ മെറ്റീരിയൽ റൂം തുറക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഇനി സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടും കൂടി മാത്രമേ ഈ മുറി തുറക്കൂ.

കോഴിക്കോട് വെള്ളിമാടുകുന്നിലെ സ്ട്രോങ്ങ് റൂം അനുമതിയില്ലാതെ തുറന്നെന്ന പരാതിയിൽ യുഡിഎഫ് പ്രതിഷേധം തുടരുകയാണ്. തുറന്നത് സ്ട്രോങ്ങ് റൂമല്ല, മറിച്ച് റിസർവ് മെഷീനുകൾ വെച്ച മുറിയാണെന്ന ഔദ്യോഗിക വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാണ്. ഈ സംഭവത്തിൽ ജില്ലാ കളക്ടറോട് ചീഫ് ഇലക്ടറൽ ഓഫീസർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക പരിഹരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *