പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. വടക്കൻ ബംഗാളിലെ 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 152 മണ്ഡലങ്ങളാണ് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തുന്നത്. ഏകദേശം 3.6 കോടി വോട്ടർമാരുടെ വിധി നിർണ്ണയിക്കുന്ന ഈ ഘട്ടത്തിൽ, മുർഷിദാബാദ്, മാൾഡ തുടങ്ങിയ ന്യൂനപക്ഷ സ്വാധീന മേഖലകളും ഉൾപ്പെടുന്നു. അക്രമസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 2.4 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും 2400 കമ്പനി കേന്ദ്രസേനയെയും വിവിധയിടങ്ങളിലായി വിന്യസിച്ചു കഴിഞ്ഞു.
പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെയും സൈന്യത്തെയും ഉപയോഗിച്ച് ബംഗാൾ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും താൻ ഒറ്റയ്ക്ക് ഇതിനെതിരെ പോരാടുകയാണെന്നും മമത ബാനർജി ആഞ്ഞടിച്ചു. എന്നാൽ മമതയുടെ ഭരണം മെയ് നാലാം തീയതിയോടെ അവസാനിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരിച്ചടിച്ചത്. ഗൂർഖ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും വടക്കൻ ബംഗാളിനെ മമത അവഗണിക്കുകയാണെന്നും അമിത് ഷാ തന്റെ റാലികളിൽ ആരോപിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ നേടിയ വലിയ മുന്നേറ്റം ഇത്തവണയും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 77 സീറ്റുകളിൽ 54 എണ്ണവും കഴിഞ്ഞ തവണ ഈ മേഖലയിൽ നിന്നാണ് ബിജെപിക്ക് ലഭിച്ചത്. ഇത് നിലനിർത്താൻ ബിജെപി ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കിയപ്പോൾ, ബംഗാൾ വികാരം ഉയർത്തിപ്പിടിച്ചാണ് തൃണമൂൽ പ്രതിരോധം തീർക്കുന്നത്. വോട്ടെടുപ്പ് സമാധാനപരമായി നടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
