തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ടു വയസ്സുകാരനായ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) സൂപ്രണ്ട് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന വിശദീകരണം.
കുട്ടിയെ പരിശോധിച്ചപ്പോൾ പ്രാഥമിക രക്തപരിശോധനാ ഫലങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ആശുപത്രിയിൽ പാമ്പ് വിഷത്തിനുള്ള മരുന്ന് ഇല്ലായിരുന്നു എന്ന കുടുംബത്തിന്റെ ആരോപണം സൂപ്രണ്ട് തള്ളി. 27 വയൽ ആന്റിവെനം ആശുപത്രിയിൽ സ്റ്റോക്ക് ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചികിത്സ നൽകുന്നതിലോ മുൻകരുതൽ എടുക്കുന്നതിലോ ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ട് ഡിഎംഒയെ അറിയിച്ചു.
