ഇന്ത്യയിൽ ഭാരത്​ ബയോടെക്​ നിർമിച്ച കോവിഡ്​ പ്രതിരോധ വാക്സിനായ കോവാക്​സിന്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അംഗീകാരത്തിനായി അപേക്ഷ നൽകിയിരുന്നു. വാക്സിൻ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാൽ അനുമതി നീണ്ടുപോയത് കോവാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു.

ഇപ്പോൾ വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
ഇതോടെ കോവാക്സിന്​ സ്വീകരിച്ചവർക്ക്​ അന്താരാഷ്​ട്ര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ്​ വാക്​സിനായ കോവാക്​സിന്​ 2021 ജനുവരിയിലാണ്​ അടിയന്തര ഉപയോഗത്തിന്​ കേ​ന്ദ്ര സർക്കാർ അനുമതി നൽകിയത്​.

തെക്കേ അമേരിക്കൻ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്സിന് അംഗീകാരം നൽകിയിരുന്നു. ഓസ്ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ കോവാക്സിൻ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് പറയുന്നത്. മൗറീഷ്യസ്, ഫിലിപ്പൈൻസ്, നേപ്പാൾ, മെക്സികോ, ഇറാൻ, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാ​വെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്സിന് അനുമതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *