സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, ഇത് ‘അനർഹമായ പരാജയമാണെന്ന്’ വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. പത്തു വർഷത്തെ ഇടതുഭരണത്തിൽ നാട് നേടിയ സമഗ്രമായ പുരോഗതി വോട്ടർമാർ പരിഗണിച്ചില്ലെന്നും അരാഷ്ട്രീയമായ ചിന്താഗതി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ” എന്ന ഉദാസീനമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് സ്വരാജ് നിരീക്ഷിച്ചു. പത്തു വർഷം മുമ്പത്തെ കേരളം പലരും മറന്നുപോയതാകാം പരാജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകൾ പോലും ജനങ്ങൾ പൊറുക്കില്ലെന്ന് കരുതുന്നതിൽ തെറ്റില്ലെന്നും യാതൊരു ദുരഭിമാനവുമില്ലാതെ തെറ്റുകൾ തിരുത്താൻ പാർട്ടി തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ ഇടതുപക്ഷം തിരിച്ചുവരുമെന്നും സ്വരാജ് ഉറപ്പുനൽകി. “ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ആർജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. കൊടുങ്കാറ്റുപോലെ ഞങ്ങൾ തിരികെ വരും,” എന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്തരം തിരിച്ചടികൾ നേരിട്ടിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സൂര്യോദയം പോലെ ഇടതുപക്ഷം പറന്നുയർന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
