തമിഴ്നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം കരസ്ഥമാക്കി വിജയ്യുടെ തമിഴക വെട്രി കഴകം അധികാരം പിടിച്ചടക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത് 2024-ൽ പുറത്തിറങ്ങിയ ‘ദി ഗോട്ട്’ എന്ന ചിത്രത്തിലെ ഒരു രംഗമാണ്. സിനിമയിലെ ഒരു കാർ നമ്പറിലൂടെ തന്റെ രാഷ്ട്രീയ ഭാവി വിജയ് അന്നേ പ്രവചിച്ചിരുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ദി ഗോട്ട്’ എന്ന ചിത്രത്തിൽ വിജയ് ഉപയോഗിക്കുന്ന മാരുതി ഫ്രോങ്ക്സ് കാറിന്റെ ‘TN07CM2026’ എന്ന നമ്പർ പ്ലേറ്റാണ് ഇപ്പോൾ ചർച്ചകളുടെ കേന്ദ്രബിന്ദു. ഇതിലെ ‘CM2026’ എന്നത് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് മുഖ്യമന്ത്രിയാകുമെന്നതിന്റെ കൃത്യമായ സൂചനയായിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി ടിവികെ വൻ വിജയം നേടിയതോടെ, ഈ സിനിമാ രംഗം വെറുമൊരു യാദൃശ്ചികതയല്ലെന്നും കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണെന്നുമാണ് സോഷ്യൽ മീഡിയയിലെ സംസാരം.
നേരത്തെ ‘തലൈവ’ എന്ന ചിത്രത്തിലെ ‘Time to lead’ എന്ന ടാഗ്ലൈൻ മുതൽ വിജയ്യുടെ രാഷ്ട്രീയ പ്രവേശം ചർച്ചയായിരുന്നു. തുടർന്ന് വന്ന കത്തി, മെർസൽ, സർക്കാർ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ രാഷ്ട്രീയ നിലപാടുകൾ താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ‘ഗോട്ടിലെ’ ഈ കാർ നമ്പർ പ്രവചനം സത്യമായി മാറിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ തമിഴ്നാട്ടിലെ ആരാധക ലക്ഷങ്ങൾ. ഇതിന്റെ സ്ക്രീൻഷോട്ടുകളും വീഡിയോകളും തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിജയഗാഥയ്ക്കൊപ്പം ഇന്റർനെറ്റിൽ തരംഗമാവുകയാണ്.
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ വിജയ്, ആദ്യ അങ്കത്തിൽ തന്നെ തമിഴ് മണ്ണിൽ വിജയക്കൊടി പാറിച്ചത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. കടലായി ഒഴുകിയെത്തിയ ജനപിന്തുണ ടിവികെയെ ഭരണത്തിലേക്ക് നയിച്ചപ്പോൾ, എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാട് ഭരിക്കുന്ന സിനിമാതാരം എന്ന ഖ്യാതിയും ഇനി വിജയ്ക്ക് സ്വന്തം.
