കണ്ണൂര്‍: പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. കമ്മ്യൂണിസ്റ്റകള്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ എത്തുമ്പോള്‍ ജീര്‍ണതകളും കടന്നുവരും. തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും. തെറ്റ് തിരുത്തല്‍ പ്രക്രിയ ഇല്ലാതെ മുന്നോട്ട് പോക്ക് അസാധ്യമെന്നും എഫ്.ബി പോസ്റ്റ്.

കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണെന്നും പി ജയരാജന്‍ ഓര്‍മപ്പെടുത്തി.

അരനൂറ്റാണ്ടുകള്‍ കാലം അധികമായി ആര്‍എസ്എസ് സമൂഹത്തില്‍ നുഴഞ്ഞുകയറാന്‍ പലവിധത്തില്‍ പരിശ്രമിക്കുകയുണ്ടായി. ഇത്തരം പരിശ്രമങ്ങള്‍ക്ക് തടസം കമ്മ്യൂണിറ്റുകാരാണെന്ന അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി ആശയപരവും കായികവുമായ അഴിച്ചുവിട്ട ആക്രമണങ്ങളെല്ലാം സിപിഐഎമ്മിന് എതിരായിരുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടും. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും. മൂര്‍ത്തമായ അത്തരം പ്രശ്‌നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാമെന്നും പി. ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *