തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സി. ജോസഫ് വിജയ് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈ അൽവാർപേട്ടിലെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ചേർന്ന് പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ദശകങ്ങളായി തമിഴ് രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളുടെ ആധിപത്യം തകർത്താണ് വിജയ് അധികരത്തിലെത്തിയത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. മെയ് 4-ന് ഫലം വന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നെങ്കിലും ഒടുവിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് സാധിച്ചു. പുതിയ സർക്കാരിനെ അഭിനന്ദിച്ച സ്റ്റാലിൻ, സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് മുൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ അവഗണനയും പ്രകൃതിക്ഷോഭങ്ങളും നേരിട്ടാണ് തന്റെ സർക്കാർ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അതേസമയം താനൊരു “സാധാരണക്കാരൻ” ആണെന്ന് വിശേഷിപ്പിച്ച 51-കാരനായ വിജയ്, മതേതരത്വവും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുമെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും പ്രഖ്യാപിച്ചു. തന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജനങ്ങൾ കുറച്ചു സമയം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 624 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയ വിജയ്, ഭരണത്തിന്റെ ഉത്തരവാദിത്തം തന്നിൽ മാത്രം നിക്ഷിപ്തമായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്
