ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്ക്ക് ആദ്യ രാഷ്ട്രീയ വിജയമായി സ്പീക്കർ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യയാണ് അറിയിച്ചത്. എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ജെ സി ഡി പ്രഭാകറിനെയും എം രവിശങ്കറിനെയും സ്പീക്കർമാരുടെ കസേരയിലേക്ക് ടി വി കെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചത്. ഇരുവർക്കുമെതിരെ പ്രതിപക്ഷ കക്ഷികളായ ഡി എം കെയും എ ഐ എ ഡി എം കെയും സ്ഥാനാർഥികളെ നിർത്താത്തത് ടി വി കെയ്ക്ക് രാഷ്ട്രീയമായി നേട്ടമാണ്. എം കെ സ്റ്റാലിനടക്കമുള്ള എതിർപക്ഷ നേതാക്കളുടെ വീടുകളിലടക്കം സന്ദർശനം നടത്തി രാഷ്ട്രീയ വൈര്യത്തിനപ്പുറമുള്ള സ്നേഹം പങ്കിട്ടുള്ള വിജയ്ന്‍റെ നീക്കം കൈയ്യടി നേടുന്നതിന് ഉദാഹരണമായി സ്പീക്കർ തെരഞ്ഞെടുപ്പ് മാറി.
