തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും കർശനമായി അടിച്ചമർത്തുമെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഇതിനായി കേരള എക്‌സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും നവീകരിക്കും. കാലഹരണപ്പെട്ട രീതികൾക്ക് പകരം ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ, സൈബർ മോണിറ്ററിംഗ്, ശക്തമായ ഇന്റലിജൻസ് ശൃംഖലകൾ എന്നിവ നടപ്പിലാക്കി ലഹരിമരുന്നിന്റെ വിതരണ ശൃംഖല പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യം. കടുത്ത നടപടികളുടെ ഭാഗമായി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഗവർണർ അറിയിച്ചു.

ലഹരിയുടെ ലഭ്യത പൂർണ്ണമായി ഇല്ലാതാക്കുക, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ ബോധവൽക്കരണം നടത്തുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് മികച്ച പുനരധിവാസം ഉറപ്പാക്കുക എന്നീ മൂന്ന് പ്രധാന കാര്യങ്ങളിൽ ഊന്നിയുള്ള തന്ത്രമാണ് സർക്കാർ ഇതിനായി ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ജൂൺ മാസം മുതൽ ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ച് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാൻ വലിയൊരു സംസ്ഥാനതല ‘ആന്റി-ഡ്രഗ് മിഷൻ’ ആരംഭിക്കും. ഇതിനൊപ്പം ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കാനുള്ള സമഗ്രമായ നയം സർക്കാർ സ്വീകരിക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *