സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അലേർട്ട്. അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. കാലവർഷം കേരളത്തിൽ എത്താൻ മൂന്നുദിവസം കൂടി എടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
നാളെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട്. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. ജൂൺ 9 മുതൽ ജൂലൈ 31 വരെ ആയിരിക്കും ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
