ആലപ്പുഴയിൽ ഗൺമാൻമാർ യുവാക്കളെ മർദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസാക്ഷിയുള്ള ആരെങ്കിലും ഇത്തരം പ്രവർത്തികൾ ചെയ്യുമോ എന്ന് ചോദിച്ച മന്ത്രി, യുവാക്കളെ തെരുവുനായയെപ്പോലെ തല്ലിയ സംഭവത്തിൽ ഇടപെടുമന്നും, നിയമം കൈയിലെടുക്കാൻ ആര് വന്നാലും കർശനമായി നേരിടുമെന്നും വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ചെന്നിത്തല പ്രതികരിച്ചത്. പത്ത് വർഷം നാട് ഭരിച്ചവർ ചെറിയ സംഭവങ്ങളുടെ പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും, ജനാധിപത്യപരമായ അധികാരമാറ്റം ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ്.ഐ.ടി രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി അനങ്ങിയിരുന്നില്ലെന്നും, എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ അതിന് തീരുമാനമെടുക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിൽ ആഭ്യന്തരമന്ത്രി എന്ന നിലയിൽ താനോ വി.ഡി. സതീശനോ ഒരുവിധ ഇടപെടലുകളും നടത്തില്ലെന്നും നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഗൺമാൻമാർ നിയമത്തിന് അതീതരല്ലെന്നും, അന്വേഷണത്തിൽ കൂടുതൽ പേരുടെ പങ്ക് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
