കണ്ണൂർ: അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് ശക്തമായി ചോദിച്ചു.
കേരളത്തിലെ മുഖ്യമന്ത്രിയായ വി.ഡി. സതീശന് തന്റെ തന്നെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ വിശ്വാസം സിബിഐയിൽ ആകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇ.ഡി., സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളിൽ വി.ഡി. സതീശന് വല്ലാത്തൊരു വിശ്വാസമുണ്ടാകുന്നത് തികച്ചും അപകടകരമായ കാര്യമാണ്. രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടിയുള്ള ഇത്തരം നീക്കങ്ങൾ കേരളീയ സമൂഹം അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന ആദ്യത്തെ കേസാണ് നവീൻ ബാബുവിന്റേത്. മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് സിബിഐക്ക് സംസ്ഥാനത്ത് നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ, നിലവിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശുപാർശ അനിവാര്യമാണ്. നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന നീതിക്ക് വേണ്ടിയുള്ള ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
