പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ അറ്റാക്ക് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ചാണ് അമേരിക്കൻ പ്രതിരോധ സേന ഇറാന്റെ നീക്കത്തെ പ്രതിരോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്ക ഇറാനിയൻ ഡ്രോണുകൾ തകർക്കുന്നത്. ഇതിന് തൊട്ടുമുൻപ് നാല് ഡ്രോണുകൾ കൂടി അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. അമേരിക്കൻസഖ്യകക്ഷികളായ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷം അതിരൂക്ഷമായത്.

ആഗോള എണ്ണവ്യാപാരത്തിന്റെ ഇരുപത് ശതമാനത്തോളം കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ നീക്കാനും ക്രൂഡ് ഓയിൽ കയറ്റുമതി പുനഃസ്ഥാപിക്കാനും തുറമുഖങ്ങളിലെ വിലക്കുകൾ അവസാനിപ്പിക്കാനുമായി ഇറാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കപ്പൽപ്പാത തടസ്സപ്പെടുത്തുന്നത്. എന്നാൽ സഖ്യകക്ഷികൾക്കും വാണിജ്യ കപ്പലുകൾക്കും നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്നും തങ്ങളുടെ സൈന്യം അതീവ ജാഗ്രതയിലാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയും ഇറാനും തമ്മിൽ ആഴ്ചകളായി പരോക്ഷ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഗ്രൗണ്ടിൽ സംഘർഷങ്ങൾക്ക് യാതൊരു അയവുമില്ലാത്ത അവസ്ഥയാണ്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ വലിയ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി പാകിസ്ഥാൻ രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി ശനിയാഴ്ച ഇറാനിലെത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെയുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഇറാൻ സന്ദർശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *