കൊച്ചി: സലിം കുമാറിൻ്റെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്ടമല്ലെന്ന് വിനോദസഞ്ചാര-
സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയുടെ മഹത്തരമായ ഇടങ്ങളിലേക്ക് മലയാള സിനിമയെ അഭിമാനത്തോടുകൂടി ഉയർത്തിയ കലാകാരന്മാരിൽ ഒരാളാണ് അദ്ദേഹം.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് കൂടി സലിംകുമാറിന്റെ മൃതദേഹം സംസ്കരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. സലിംകുമാറിന്റെ ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യക്തിപരമായി തങ്ങൾക്ക് എല്ലാവർക്കും വലിയ നഷ്ടമാണ് സലിംകുമാറിന്റെ അകാല വിയോഗം. അവസാന കാലം വരെയും തൻ്റെ നിലപാടുകൾ ഉറക്കെ പറഞ്ഞിരുന്ന, രാഷ്ട്രീയ ബോധ്യമുള്ള കലാകാരനായിരുന്നു അദ്ദേഹം. മലയാളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. ഹാസ്യ നടൻ എന്ന നിലയിൽ തിളങ്ങി പിന്നീട് ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമിൻ്റെ മകൻ അബു’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ അദ്ദേഹത്തിൻ്റെ പ്രതിഭ ഇന്ത്യൻ സിനിമ അടയാളപ്പെടുത്തിയതാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിന്റെ ദുഃഖത്തിൽ തങ്ങളെല്ലാവരും പങ്കുചേരുന്നതായി പി സി വിഷ്ണുനാഥ് അറിയിച്ചു.
