തിരുവനന്തപുരം: തലസ്ഥാനത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ വാദങ്ങൾ പൂർണ്ണമായും തള്ളി പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന പ്രതികളുടെ വാദം നിലനിൽക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉദ്യോഗസ്ഥരെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ ഇഷ്ടികയും മറ്റ് മാരകായുധങ്ങളുമായി പ്രവർത്തകർ ബോധപൂർവ്വം സംഘടിച്ചെത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ കാര്യങ്ങൾ വരുംദിവസങ്ങളിൽ കോടതിയെ ബോധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. ഒപ്പം പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നും പോലീസ് ആവശ്യപ്പെടും.
പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ എത്തിയതെന്നും, ഇ.ഡി സംഘത്തെ ആക്രമിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ അഞ്ച് പ്രതികളും മൊഴി നൽകിയത്. എന്നാൽ ആക്രമണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അക്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പോലീസ് ശാസ്ത്രീയ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് മുൻപായി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടോ എന്നും, അക്രമത്തിന് ആഹ്വാനം ചെയ്തതിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോ എന്നും അറിയാൻ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. ഫോണുകളുടെ സൈബർ പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും കേസിൽ കൂടുതൽ അറസ്റ്റുകൾ ഉൾപ്പെടെയുള്ള അന്തിമ നടപടികളിലേക്ക് പോലീസ് കടക്കുക.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിൽ പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മ്യൂസിയം എസ്.എച്ച്.ഒ ആർ. പ്രശാന്ത് ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് ഇൻസ്പെക്ടർമാരും ഏഴ് എസ്.ഐമാരും അടങ്ങുന്ന 30 അംഗ സന്നാഹമാണ് അക്രമികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താൻ രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ മ്യൂസിയം പോലീസ് മാത്രമായിരുന്ന കേസ് പിന്നീട് പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമാണെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയത്.
