ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത!

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ജാഗ്രതാ നിർദ്ദേശം. ഇന്നും നാളെയും കേരളത്തിൽ ഉടനീളം ശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ‘ഓറഞ്ച് അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിൽ ഇന്ന് ‘യെല്ലോ അലേർട്ടും’ നൽകിയിട്ടുണ്ട്. എറണാകുളത്തും ഇടുക്കിയിലും നാളെയും ഓറഞ്ച് അലേർട്ട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും വീശിയടിച്ചേക്കാം.

മഴയ്ക്ക് പുറമെ തീരദേശവാസികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് ‘കള്ളക്കടൽ’ പ്രതിഭാസത്തിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 8.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ അടിച്ചുയരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കന്യാകുമാരി തീരത്തും സമാനമായ രീതിയിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കനത്ത മഴയ്ക്കും കാറ്റിനും പുറമെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *