ഫിഫ ലോകകപ്പിൽ ലാറ്റിൻ അമേരിക്കൻ കരുത്തരായ ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിന് ചരിത്രവിജയം. ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഫ്രിക്കൻ വമ്പന്മാർ ഇക്വഡോറിനെ മറികടന്നത്. ഈ തോൽവിയോടെ ഇക്വഡോറിന്റെ 19 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനാണ് വിരാമമായത്.

മത്സരത്തിന്റെ 90-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോ ആണ് വിജയഗോൾ നേടിയത്. വലതുവിങ്ങിൽ നിന്നും വിൽഫ്രഡ് സിംഗോ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ദിയാലോ, പകരക്കാരനായി ഇറങ്ങി ബോക്സിനുള്ളിൽ നിന്ന് തൊടുത്ത കൃത്യമായ ഇടങ്കാലൻ ഷോട്ട് ഇക്വഡോർ വലയിൽ പതിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ അരമണിക്കൂറിൽ ഇക്വഡോർ ആണ് പൂർണ ആധിപത്യം പുലർത്തിയത്. ജോൺ യെബോവയുടെയും അലൻ മിൻഡയുടെയും തകർപ്പൻ ഷോട്ടുകൾ ക്രോസ്ബാറിൽ തട്ടിത്തെറിച്ചത് അവർക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഐവറി കോസ്റ്റ് കളി കൈപ്പിടിയിലൊതുക്കി. രണ്ടാം പകുതിയിൽ എലി വാഹിയുടെ മികച്ചൊരു ശ്രമം ഇക്വഡോർ പോസ്റ്റിലും തട്ടി മടങ്ങിയിരുന്നു. ഇക്വഡോർ താരം ഗോൺസാലോ പ്ലാറ്റയുടെ കടുത്ത ഗോൾ ശ്രമങ്ങൾ തടഞ്ഞുനിർത്തിയ ഐവറി കോസ്റ്റ് ഗോൾകീപ്പർ യഹിയ ഫോഫാനയുടെ പ്രകടനവും വിജയത്തിൽ നിർണായകമായി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. 2014-ന് ശേഷമുള്ള ലോകകപ്പ് വേദിയിലേക്കുള്ള തങ്ങളുടെ മടങ്ങിവരവ് ഈ വിജയത്തിലൂടെ അവർ അവിസ്മരണീയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *