കുന്ദമംഗലം: സോഷ്യല്‍ മീഡിയയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ നിയമനടപടിയുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. ഷമീര്‍ കുന്ദമംഗലം രംഗത്ത്. ചാരിറ്റി വീഡിയോകളില്‍ യഥാര്‍ത്ഥ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം വ്യാജ അക്കൗണ്ടുകളും QR കോഡുകളും ഉപയോഗിച്ച് പൊതുജനങ്ങളില്‍ നിന്ന് പണം തട്ടുന്ന സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേരള ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി സമര്‍പ്പിക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തു.
പരാതിയുടെ ഗൗരവം വിലയിരുത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയുമായി (ഡിജിപി) നേരിട്ട് സംസാരിച്ചതായും, പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഷമീര്‍ അറിയിച്ചു. കേസിന്റെ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ അനുവദിക്കാനാവില്ല. സഹായിക്കാന്‍ തയ്യാറാകുന്ന നല്ല മനസ്സുകളെ വഞ്ചിക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കണം. അര്‍ഹരായ ആളുകളിലേക്ക് സുതാര്യമായും വിശ്വാസ്യതയോടെയും സഹായം എത്തിക്കുന്ന സംവിധാനമാണ് സമൂഹത്തിന് ആവശ്യം,’ എന്ന് അഡ്വ. ഷമീര്‍ കുന്ദമംഗലം പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെ വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണിതെന്നും, കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊതുജനങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *